കുറച്ചു കഴിഞ്ഞു വിറച്ചു
ശ്വാസം മുറുകി തുടങ്ങി
വിറച്ച കൈകൾ തണുത്തു
തണുത്ത പായ മടക്കി
കോടി മുണ്ട് പുതച്ച്
കോടിയ ചുണ്ട് ഇടറി
പാഥേയം തണുത്തു
പാതി വഴി യാത്ര മുടങ്ങി
ചുവന്ന പട്ട് ഉത്തരം ചുറ്റി
തെക്കേ മാവ് മുറിച്ചിട്ടു
ചിതയ്ക്കായ് രാമച്ച വേരൊരുങ്ങി
ഈറൻ മുണ്ട് ചുറ്റി കൊണ്ട്
നനഞ്ഞ മാറിടം വീണ്ടും
കണ്ണീർ കൊണ്ട് നനച്ച്
മന്ദം മന്ദം നോവിനെ കനലാക്കി
പ്രിയൻ വെടിഞ്ഞ സ്വപ്നം
ചിതയിലെരിയിക്കാൻ
പ്രിയദമ വരുന്നൂ
മരിപ്പിന്റെ മരവിപ്പ്
പോകുന്നുമില്ല
ഓർമ്മകൾ മറവിതൻ
ചുഴിയിൽ താഴുന്നുമില്ല
സതിക്കായ് സാദരം
കേഴുന്ന ജാതി വ്യവസ്ഥ
ജന്മാന്തരങ്ങളുടെ സ്നേഹം
കണ്ടില്ല എന്നു നടിക്കുന്നു
മരണ പേടി വരുന്നു
വിപരീത ബുദ്ധിക്കടിമയാകുന്നു
മർത്ത്യൻ വെറും പുഴുവാകുന്നു
അവൻ സുരക്ഷിതത്ത്വം
പാടെ തകർന്നു പോയിരിക്കുന്നു
ഇരുട്ടിനെ കൂരിരുട്ടാക്കുന്ന
മരണ ഭയം അവനെ വിഴുങ്ങി
ഉറക്കമില്ല ഉണർവില്ല ഉത്തരം
മുട്ടിക്കും ചോദ്യങ്ങൾ മാത്രം
സന്തോഷത്തിന്റെ ദൂതൻ
ഇനി എന്നെങ്കിലും ഈ
വഴി കടന്നു പോകുമോ....
No comments:
Post a Comment